മുഖ്യമന്ത്രിയുടെ പ്രസ്താവന സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍: കുഞ്ഞാലിക്കുട്ടി

യു.ഡി.എഫിനെ അപ്രസക്തമായെന്ന് പ്രചരിപ്പിച്ച്‌ ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രിയുടെ പ്രസ്താവന സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കെ.പി.സി.സിയുടെ കാര്യത്തില്‍ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് വളരെ നിലവാരം കുറഞ്ഞതായിപ്പോയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനായി ഭാവനയില്‍ സൃഷ്ടിച്ച ആരോപണമാണിത്. ഒരു ലീഗ് നേതാവും ഇത്തരം കാര്യങ്ങളില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

"കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടില്ല." കുഞ്ഞാലികുട്ടി പറഞ്ഞു. മുഖ്യമന്ത്രി കാഡുകള്‍ മാറ്റിക്കളിക്കുകയാണെന്നും പുതിയ കാര്‍ഡുമായി ഇറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ കണക്കുകള്‍ തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുക വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ്. യു.ഡി.എഫിന് ആത്മവിശ്വാസത്തില്‍ ഒരു കുറവും വന്നിട്ടില്ല. ഇടതുമുന്നണി വല്ലാതെ അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയത് ഓര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിനെ അപ്രസക്തമായെന്ന് പ്രചരിപ്പിച്ച്‌ ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്‍റെ മതേതര മനസിനെ വിഷലിപ്തമാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയുമായി പരസ്യമായ കൂട്ടുകെട്ടാണ് സി.പി.എം ഉണ്ടാക്കിയത്. സമുദായങ്ങളും ജാതികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കി നേട്ടം കൊയ്യാനാണ് ഇടത് ശ്രമം.

തെരഞ്ഞെടുപ്പില്‍ 2015നേക്കാള്‍ നേട്ടം യു.ഡി.എഫിന് ഉണ്ടായി. എന്നാല്‍ പാളിച്ചകള്‍ സമ്മതിക്കുന്നു. നിലവിലെ സാഹചര്യത്തിന് അനുസൃതമായ നേട്ടം ഉണ്ടാക്കാനായില്ല. കോവിഡിന്‍റെ പ്രത്യേക പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. പ്രചാരണത്തിന് പരിമിതികള്‍ ഉണ്ടായിരുന്നു.

അഴിമതിയും കൊള്ളയും നടത്തുന്ന ഒരു സര്‍ക്കാറാണ്. എന്നാല്‍, അത് പ്രതിഫലിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചില്ല. ഒരു തെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഇതൊന്നും ഇല്ലാതാകുന്നില്ല.

കേരളത്തില്‍ ബി.ജെ.പി ക്ലച്ച്‌ പിടിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. യു.ഡി.എഫ് പാളിച്ചകള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്നും ശക്തമായി തിരിച്ചുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com