
കൊച്ചി: മന്ത്രി കെടി ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജൻസി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകർപ്പ് ഇന്നലെ രാത്രി തന്നെ ഡല്‍ഹിയിലേയും ഹൈദരാബാദിലേയും ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകണമെങ്കിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎയുടെ നിലപാട്.
കോൺസുലേറ്റിൽ നിന്ന് ഖുര്‍ആൻ കൈപ്പറ്റിയതിലും കോൺസൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതൽ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. അന്നുതന്നെ സ്വപ്നയെ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് പിന്നാലെ രാത്രി ഒൻപതു മണിയോടെയാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. എൻഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും. ജലീലുമായി സംസാരിച്ച ശേഷമേ കൂടുതൽ പ്രതികരിക്കാനാവൂ എന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം ഇന്നും തുടരും.