കൊറോണക്കാലത്തും ചിട്ടി തിരിച്ചടവുകൾ ആവശ്യപ്പെട്ട് കെഎസ്എഫ്ഇ; ബുദ്ധിമുട്ടിലായി ജനം
Top News

കൊറോണക്കാലത്തും ചിട്ടി തിരിച്ചടവുകൾ ആവശ്യപ്പെട്ട് കെഎസ്എഫ്ഇ; ബുദ്ധിമുട്ടിലായി ജനം

മാസത്തവണ അടക്കാതെ തുടർന്നാൽ വീത പലിശയിൽ ഉള്ള വൻ നഷ്ടത്തിന് പുറമെ, മുടക്കിയ ചിട്ടിത്തുക ആകെ ബാധ്യതയായി തുടരുകയും ചെയ്യും

By M Salavudheen

Published on :

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെഎസ്എഫ്ഇക്ക് എതിരെ വ്യാപക പരാതിയുമായി ജനങ്ങൾ. ഈ കൊറോണ കാലത്ത് ഉയരുന്ന പ്രതിസന്ധികൾ മുഖവിലക്കെടുക്കാതെ കെഎസ്എഫ്ഇയിൽ നിന്നും ചിട്ടിയെടുത്ത ഉപഭോക്താക്കളിൽ നിന്നും മാസ അടവ് പിരിക്കുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൊറോണ ഉയർത്തുന്ന മാനസിക, സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികൾക്ക് ഇടയിൽ കെഎസ്എഫ്ഇ ഉയർത്തുന്ന ബാധ്യതയും ജനങ്ങൾക്ക് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. മാസങ്ങളോളം ലോക്ക് ഡൌൺ നീട്ടിയപ്പോഴും കെഎസ്എഫ്ഇ ചിട്ടികൾക്കു നൽകിയത് വെറും 2 മാസത്തെ അവധിയാണ്.

ആർബിഐ നിർദേശ പ്രകാരം ബാങ്കുകൾ വായ്‍പകൾക്ക് മൊറൊട്ടോറിയം നൽകുന്നുണ്ടെങ്കിലും കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങൾ ചിട്ടികൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇവ നൽകുന്നില്ല. ഇതിനാൽ ചിട്ടികൾ എടുത്ത മിക്ക ആളുകളും തിരിച്ചാടുകൾക്കായി ബുദ്ധിമുട്ടുകയാണ്. തുടർച്ചയായി നടപ്പാക്കുന്ന ലോക്ക് ഡൗണും, വിപണി മാന്ദ്യവും ഒരുപോലെ തകർത്ത ബിസിനസ്‌ സമൂഹമാണ് കൂടുതൽ തിരിച്ചടി നേരിട്ടിരിക്കുന്നത്. മാസത്തവണ അടക്കാതെ തുടർന്നാൽ വീത പലിശയിൽ ഉള്ള വൻ നഷ്ടത്തിന് പുറമെ, മുടക്കിയ ചിട്ടിത്തുക ആകെ ബാധ്യതയായി തുടരുകയും ചെയ്യും.

വസ്തു ഈടു വച്ചാണ് ആവശ്യങ്ങൾക്കായി ചിട്ടി പിടിക്കുന്നത്. ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന ഈ അവസ്ഥയിൽ കൃത്യമായ തവണകൾ അടക്കുക എന്നത് പ്രായോഗികമല്ല. ബിസിനസ്‌ രംഗം മെച്ചപ്പെടുന്നത് വരെ ചിട്ടി പിരിവു നിർത്തി വെക്കണമെന്നാണ് ഇവരുടെ ആവശ്യം. സാമ്പത്തികമായ ഈ അനിശ്ചിതത്വത്തെ എങ്ങനെ അതിജീവിക്കും എന്നതു വലിയ ഒരു വെല്ലുവിളി ആയി തുടരുമ്പോൾ കടുത്ത ആശങ്കയിൽ കഴിയുന്ന അനവധി പേരുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ജോലി ഉണ്ടാകുമോ എന്നോ , ഉണ്ടെങ്കിൽ തന്നെ എത്ര കാലമുണ്ടാകുമെന്നോ, കിട്ടുന്ന ശമ്പളം കുറയുമോന്നോ, ഒക്കെ ഉള്ള ആവലാതികൾ ലോക്ക് ഡൗണിന്റെ ദൈർഘ്യതിനനുസരിച്ചു വർദ്ധിക്കുകയാണ്.

സമാനമാണ് വ്യാപാരികളുടെ അവസ്ഥയും. അതുപോലെ തന്നെ കെഎസ്എഫ്ഇ ചിട്ടികൾ എടുത്ത നിരവധി സാധാരണക്കാരും ഉണ്ട്. കുടുംബശ്രീ പ്രവർത്തകരായ നിരവധി സ്‌ത്രീകളും ദിവസ വേതനക്കാരായ തൊഴിലാളികളും ചിട്ടിയുടെ ഭാഗമാണ്. സ്ഥിരമായ തൊഴിലോ കൃത്യമായ വരുമാനമോ ഇല്ലാതെയാണ് ഇവരിൽ പലരും ഈ കൊറോണ കാലത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിനിടെ ചിട്ടി അടക്കാൻ ഉള്ള കെഎസ്എഫ്ഇയുടെ ആവശ്യവും കൂടി ആകുമ്പോൾ കടുത്ത ആശങ്കയിലാണ് ഇവർ. സമഗ്രമായി ഈ വിഷയം പഠിച്ചു ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിനു കഴിഞ്ഞില്ലെങ്കിൽ അതീവ ഗുരുതരമായ സാമൂഹിക ആഘാതമായിരിക്കും ഫലം. എല്ലാ ഇടപാടുകളും കോടതി വ്യവഹാരങ്ങളിലേക്കു നീങ്ങുന്ന ഒരവസ്ഥ ഒഴിവാക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.

Anweshanam
www.anweshanam.com