കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്

മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്.

കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ബിനീഷിന്‍റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു. ബിനീഷിന്‍റെ വീട്ടില്‍ റെയ്‍ഡിന്‍റെ പേരിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്നും കോടിയേരി പറഞ്ഞു.

അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്‌തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേയെന്നുമാണ് കോടിയേരി പറഞ്ഞത്. ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്നും താനും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മിറ്റിയും അംഗീകരിച്ചു.

സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടാനാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവ തുറന്നുകാട്ടിക്കൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സി.പിഎം. തീരുമാനം.

Related Stories

Anweshanam
www.anweshanam.com