വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍
Top News

വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

ദേശീയ വിദ്യാഭ്യാസ നയം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെയും ബാധിക്കും.

News Desk

News Desk

തിരുവനന്തപുരം: വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊറോണ കാലത്ത് നടന്ന അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് കൂടി സഹകരിച്ചതോടെ ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. ശശി തരൂര്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനത്താവള വിഷയത്തില്‍ വി മുരളീധരന്‍ നിലപാട് മാറ്റി. സിപിഎം പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കും. വിഷയത്തില്‍ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടില്‍ ചോര്‍ച്ചയുണ്ടാകും. അവിശ്വാസ പ്രമേയം യുഡിഎഫിന് തിരിച്ചടിയാകും. പ്രമേയം അവതരിപ്പിച്ച്‌ കടന്ന് കളയരുത്. വോട്ടിംഗില്‍ കൂടി പ്രതിപക്ഷം ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെയും ബാധിക്കും. കേരളത്തില്‍ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ്. എല്‍ ഡി എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളള പ്രചാരണങ്ങള്‍ക്കെതിരെ സി പി എം രംഗത്തിറങ്ങും. പ്രചാരണങ്ങള്‍ക്ക് ലാവലിന്‍ ആരോപണങ്ങളുടെ ഗതിയുണ്ടാകും. കള്ള പ്രചാരണങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാകൂ.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ല. ലൈഫ് കമ്മീഷന്‍ തട്ടിപ്പ് വിജിലന്‍സിന് അന്വേഷിക്കാന്‍ കഴിയുമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. പദ്ധതിയില്‍ ആരെങ്കിലും കമ്മീഷന്‍ വാങ്ങിയെങ്കില്‍ അത് തെറ്റാണ്. ലൈഫ് മിഷനെ വക്രീകരിച്ച്‌ കാണിക്കാന്‍ ശ്രമം നടക്കുന്നു. കെട്ടിടങ്ങളുടെ ഗുണമേന്മയെ ബാധിച്ചോ എന്ന് ലൈഫ് മിഷന്‍ പരിശോധിക്കണം. ശിവശങ്കരന് ഒരു സംരക്ഷണവും നല്‍കില്ലെന്നും കോടിയേരി പറഞ്ഞു.

Anweshanam
www.anweshanam.com