വെഞ്ഞാറമൂട് നടന്നത് ആസൂത്രിതമായ കൊലപാതകം: കോടിയേരി
Top News

വെഞ്ഞാറമൂട് നടന്നത് ആസൂത്രിതമായ കൊലപാതകം: കോടിയേരി

സിപിഎം ആചരിക്കുന്ന കരിദിനവുമായി ബന്ധപ്പെട്ട യോഗം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

News Desk

News Desk

കൊച്ചി: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ എംപി അടൂർ പ്രകാശിനെതിരെ ആക്രമണം കടുപ്പിച്ച് സിപിഎം. രണ്ട് പേരെ കൊലപ്പെടുത്തുമെന്ന് അടൂർ പ്രകാശിന് അറിയാമായിരുന്നുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. എന്നിട്ടും അത് തടയാൻ അടൂർ പ്രകാശ് ഒന്നും ചെയ്തില്ല. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കൊല്ലപ്പെട്ടവരെ കെപിസിസി അധ്യക്ഷൻ ഗുണ്ടകളായി ചിത്രീകരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഒരു തരത്തിലും ഇത് ന്യായീകരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം ആചരിക്കുന്ന കരിദിനവുമായി ബന്ധപ്പെട്ട യോഗം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വെഞ്ഞാറമൂട് നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്ന് കോടിയേരി ആരോപിക്കുന്നു. അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടതോടെ, ശ്രദ്ധ തിരിക്കാൻ വേണ്ടി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിൽ ഉന്നത കോൺഗ്രസ് നേതാക്കൾക്ക് കൃത്യമായ പങ്കുണ്ട്. അടൂർ പ്രകാശുമായി സംസാരിച്ചുവെന്ന് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ പറയുന്ന ശബ്ദരേഖ നമ്മളെല്ലാം കേട്ടതാണ്. കൊല നടക്കുമെന്ന് അടൂർ പ്രകാശിന് അറിയാമായിരുന്നു. എന്നിട്ടും അത് തടയാൻ അടൂർ പ്രകാശ് ശ്രമിച്ചില്ല. അത് എന്തുകൊണ്ട് എന്ന് അടൂർ പ്രകാശ് വ്യക്തമാക്കണം.

കോൺഗ്രസുകാർ പലതരത്തിൽ പ്രകോപിപ്പിക്കാൻ ശ്രമിക്കും. അതിൽ സിപിഎം പ്രവർത്തകർ പെട്ടുപോകരുത്. പാർട്ടി ഓഫീസുകൾ ആക്രമിക്കരുതെന്നും കോടിയേരി പറഞ്ഞു. രണ്ടാളെ കൊന്നതിന് പകരം രണ്ടാളെ കൊല്ലണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. കൊലയ്ക്ക് പകരം കൊല എന്നതിനെ സിപിഎം പ്രോത്സാഹിപ്പിക്കില്ല. എന്നാൽ അക്രമത്തെ സിപിഎം ചെറുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

സ്വർണക്കടത്തിനെ ഉപയോഗിച്ച് സിപിഎമ്മിനെ അസ്ഥിരപ്പെടുത്താൻ നോക്കി പരാജയപ്പെട്ടവർ ആണ് കോൺഗ്രസും ബിജെപിയും. എന്നാൽ എല്ലാ നുണക്കഥകളും പൊളിഞ്ഞു പോയി. ഇടത് തുടർഭരണം ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ശ്രമമെന്നും ഇത് നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

Anweshanam
www.anweshanam.com