കെ എം ഷാജിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ

എംഎല്‍എ കെഎം ഷാജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ.
കെ എം ഷാജിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: എംഎല്‍എ കെഎം ഷാജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. എംഎല്‍എയുടെ സ്വത്തില്‍ അസാധാരണമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ഷാജി തന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയതെന്ന് എഎ റഹിം ചോദിച്ചു. ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപവിധേയനാകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്നും എഎ റഹിം കുറ്റപ്പെടുത്തി. കെ.എം ഷാജി അധോലോക കര്‍ഷകനാണെന്ന് എഎ റഹിം പരിഹസിച്ചു. അതേസമയം തനിക്കുണ്ടായ വരുമാനം വയനാട്ടിലെ ഇഞ്ചി കൃഷിയില്‍ നിന്നുള്ളതാണെന്നായിരുന്നു ഷാജിയുടെ പ്രതികരണം.

എന്നാല്‍ അനധികൃത സ്വത്ത് സമ്പാദ്യം മറിച്ച് വെക്കാന്‍ ഷാജി ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണെന്നും റഹീം ആരോപിച്ചു. അബ്ദുള്ള കുട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ മോദി സ്തുതി നടത്തിയ ആളാണ് ഷാജി അഴീക്കോട് അദ്ദേഹം ജയിച്ചതിന് പിന്നില്‍ ആര്‍എസ്എസിന്റെ വോട്ടുണ്ട്. ആര്‍എസ്എസിന്റെ പ്രിയപ്പെട്ടവരാണ് ഷാജിയെന്നും റഹീം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com