
കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസം വോട്ടറെ പോളിംഗ് ബൂത്തിൽ നിന്ന് വലിച്ചിറക്കി മർദിച്ചു.
വോട്ടറെ പൊലീസിന്റെ സാന്നിധ്യത്തിൽ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്വന്റി ട്വന്റിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും പര്സപര ധാരണയോടെ മത്സരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ഇരുമുന്നണികളും ചേർന്ന് ഒറ്റ സഥാനാർഥിയെ നിർത്തിയിരിക്കുന്ന കുമ്മനോട് വാർഡിലെ ഒരു ബൂത്തിലാണ് സംഭവം.
കിഴക്കമ്പലം പഞ്ചായത്തിൽ ആര് വോട്ട് ചെയ്യണമെന്ന് തങ്ങൾ തീരുമാനിക്കും എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികൾ വോട്ടറെ ഭാര്യയുടെ മുന്നിലിട്ട് മർദിക്കുകയായിരുന്നു. പഞ്ചായത്തിൽ ജനിച്ചു വളർന്നവർ മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പറഞ്ഞായിരുന്നു അക്രമം.
മർദ്ദനമേറ്റ പ്രിന്റു വയനാട് സ്വദേശിയാണ്, ഇദ്ദേഹം കഴിഞ്ഞ 14 വർഷമായി കിഴക്കമ്പലം പഞ്ചായത്തിൽ വാടകയ്ക്ക് താമസിച്ച് ജോലി ചെയ്യുന്ന വ്യക്തിയാണ്. പ്രിന്റുവിനും ഭാര്യക്കും കിഴക്കമ്പലത്ത് മാത്രമാണ് വോട്ട് ഉള്ളത്. അഞ്ചു വയസും രണ്ടു വയസുമുള്ള കുഞ്ഞുങ്ങൾക്കും ഭാര്യക്കുമൊപ്പമാണ് കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള രേഖകളും ഇവർക്ക് ഉണ്ട്. പ്രിന്റുവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പോലുള്ള നൂറു കണക്കിന് ആളുകളെയാണ് സി.പി.എം പ്രവർത്തകർ തടഞ്ഞത് എന്നാണ് ട്വന്റി ട്വന്റി ആരോപിക്കുന്നത്.
ക്രൂരമായ ആക്രമണത്തിൽ പരിക്കു പറ്റിയ പ്രിന്റുവിനെ പിന്നീട് പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ കിടന്ന സ്വർണ്ണമാലയും പണമടങ്ങിയ പേഴ്സും അക്രമികൾ കൊണ്ടുപോയെന്നും ഇവർ പറഞ്ഞു. 40 പേരോളം തിരഞ്ഞെടുപ്പ് ദിനത്തിൽ കിഴക്കമ്പലത്ത് രാഷ്ട്രീയക്കാരുടെ മർദനത്തിനിരയായിയെന്നാണ് റിപ്പോർട്ടുകൾ.