കിഫ്ബിയുടെ മസാല ബോണ്ട് ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടം: ചെന്നിത്തല

മസാല ബോണ്ട് വഴി ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് മന്ത്രി തോമസ് ഐസക് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
കിഫ്ബിയുടെ മസാല ബോണ്ട് ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടം: ചെന്നിത്തല

തിരുവനന്തപുരം: ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടമാണ് കിഫ്ബിയുടെ മസാല ബോണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മസാല ബോണ്ട് വഴി ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് മന്ത്രി തോമസ് ഐസക് പറയണം. ലാവ്‌ലിനുമായുള്ള കള്ളക്കളി കണ്ടെത്തിയതുകൊണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹാലിളകിയത്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കേരളം മുഴുവൻ കേൾക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

കിഫ്ബിയുടെ സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ഇതുവരെ പറഞ്ഞത് പച്ചക്കളളമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു. കരട് റിപ്പോര്‍ട്ടല്ല ഒറിജിനൽ റിപ്പോര്‍ട്ടാണ് താന്‍ ചോര്‍ത്തിയത് എന്നാണ് ഇന്ന് അദ്ദേഹം സമ്മതിച്ചത്. ധനമന്ത്രി കള്ളം പറയുന്നത് ഇതുമായി ബന്ധപ്പെട്ട അഴിമതിയും കൊള്ളയും ഒളിപ്പിച്ചു വയ്ക്കാനാണ്. അല്ലാതെ ഒറിജിനലും കരടും കണ്ടാൽ തിരിച്ചറിയാത്തയാളായി മാറിയോ തോമസ് ഐസക് എന്ന് ചെന്നിത്തല ചോദിച്ചു.

മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനാ ലംഘനമെന്ന ഗുരുതരകുറ്റവും ഐസക് ചെയ്തിട്ടുണ്ട്. പരസ്യമായി കള്ളം പറയുകയയും സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.അദ്ദേഹം രാജിവയ്ക്കണം.സഭയെ അവഹേളിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് എന്ന താന്‍ നിലയില്‍ സ്പീക്കർക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി & എജിയെ പാമോലിന്‍ കേസിന്റെ കാര്യത്തിലുള്‍പ്പെടെ വിശുദ്ധ മാലാഖയായിട്ടാണ് സി.പി.എം കണ്ടിരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലൊക്കെ സി & എജിയുടെ റിപ്പോര്‍ട്ട് എത്ര പവിത്രമായാണ് സി.പി. എം കണ്ടിരുന്നത്.ഇപ്പോള്‍ എന്താണ് സി & എജിയോട് ഇത്ര വിരോധം? ഇടതുമുന്നണിയുടെ അഴിമതി ആരെല്ലാം കണ്ടെത്തിയോ അവരോടൊക്കെ വിരോധമാണ്.

മസാല ബോണ്ടിനു പിന്നിലെ അഴിമതിയും കിഫ്ബിയില്‍ നടക്കുന്ന തീവെട്ടി കൊള്ളയുമാണ് യഥാര്‍ത്ഥ പ്രശ്‌നം. 9.723 ശതമാനം എന്ന കൊള്ളപ്പലിശയ്ക്ക് എന്തിന് കിഫ്ബി മസാല ബോണ്ടിറിക്കി. അതില്‍ മന്ത്രിക്കും മറ്റുള്ളവര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി.? എട്ട് ശതമാനം പലിശക്ക് പണം രാജ്യത്ത് കിട്ടുമായിരുന്നു.

ലാവ്‌ലിനുമായി മസാല ബോണ്ടിനുള്ള ബന്ധം എന്താണ് എന്ന് തോമസ് ഐസക് വ്യക്തമാക്കണം. മസാല ബോണ്ട് വാങ്ങിയ ഡി.സി.പി.ക്യുവും ലാവ്‌ലിനുമായി എന്താണ് ബന്ധമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്നത് ഡി.സി.പി.ക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണ്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ലാവ്ലിനു വേണ്ടിയാണ് മസാല ബോണ്ടിറിക്കിയത്. കോടികള്‍ കമ്മിഷന്‍ തട്ടുന്നതിന് വേണ്ടിയാണ് ഭരണഘടനയെപ്പോലും ലംഘിച്ച് കൊണ്ട് കൂടിയ പലിശനിരക്കിൽ ഈ വില്‍പ്പന നടത്തിയത്. ഈ അഴിമതി സി & എജി ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com