ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു

കോബ്ര കമാന്‍ഡര്‍ രാകേശ്വര്‍ സിങ്ങിനെ വിട്ടയച്ച വിവരം സിആര്‍പിഎഫ് സ്ഥിരീകരിച്ചു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിച്ചു. മധ്യസ്ഥ ചർച്ചക്കൊടുവിലാണ് മോചനം സാധ്യമായത്. കോബ്ര കമാന്‍ഡര്‍ രാകേശ്വര്‍ സിങ്ങിനെ വിട്ടയച്ച വിവരം സിആര്‍പിഎഫ് സ്ഥിരീകരിച്ചു.

ഏപ്രില്‍ 23 ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയത്. ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്.

ബിജാപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്ബിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി. മാവോയിസ്റ്റുകളുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കായി പദ്മശ്രീ ധരംപാല്‍ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയേയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

ജവാനെ വിട്ടയക്കാന്‍ മാവോവാദികള്‍ ഉപാധികള്‍ മുന്നോട്ടുവെച്ചതാ‍യി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവ സര്‍ക്കാര്‍ അംഗീകരിച്ചോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ല.

മാവോവാദികളുമായി മധ്യസ്ഥ ചര്‍ച്ചക്ക് പദ്മശ്രീ ധരംപാല്‍ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴ് പ്രാദേശിക മാധ്യമപ്രവര്‍ത്തകരും മധ്യസ്ഥരോടൊപ്പം മാവോവാദികളുമായുള്ള സംഭാഷണത്തില്‍ പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com