ഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തിന്റെ പുതുവർഷം
Top News

ഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തിന്റെ പുതുവർഷം

കൊറോണാ വൈറസ് ലോകത്തെയാകെ അടച്ചിട്ടെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ചിങ്ങപ്പുലരിയില്‍ മലയാളികള്‍.

News Desk

News Desk

ദുരന്തങ്ങളിൽ നിന്ന് മോചനപ്രതീക്ഷയുമായി ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം കൂടിയായ ഇന്ന് കാര്‍ഷികവൃത്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കൂടി ഓര്‍മിപ്പിക്കുന്ന ദിവസം.കൊറോണാ വൈറസ് ലോകത്തെയാകെ അടച്ചിട്ടെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ചിങ്ങപ്പുലരിയില്‍ മലയാളികള്‍. കര്‍ക്കക്കടം തകര്‍ത്തെറിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ചിങ്ങം നമുക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തേകി. കുറച്ചുപാഠങ്ങളും നല്‍കി. കൃഷിയില്‍ നാം കൂടുതല്‍ ശ്രദ്ധിച്ചു. നദികളെ ഒഴുകാന്‍ വിട്ടു. കുറച്ചൊക്കെ ഫലം കാണുകയും ചെയ്തു. അതുകൊണ്ടാണ് രണ്ട് ഇരുപതുകള്‍ ചേരുന്ന വര്‍ഷംത്തെ കാലവര്‍ഷക്കെടുതികളില്‍ നമ്മള്‍ പിടിച്ചുനിന്നത്. പക്ഷേ കര്‍ക്കടത്തിനും മുന്‍പേ നമുക്ക് മുന്നില്‍ മാരണമായി കൊറോണാ എന്ന കാണാക്കണം അത് എല്ലാവരെയും വീട്ടിലടച്ചു.

നമ്മളിലേറെപ്പേര്‍ക്കും തൊഴിലെടുക്കാന്‍ പറ്റാതായി. കുട്ടികള്‍ക്ക് മുന്നില്‍ പള്ളിക്കൂടങ്ങള്‍ ഇനിയും തുറന്നില്ല. ദുരിതങ്ങളുടെ കര്‍ക്കടത്തില്‍ പെട്ടിമലയിലും കരിപ്പൂരും നമ്മുടെ കുറെസഹോദരങ്ങളെയും നഷ്ടമായി. മകരമാസത്തില്‍ തുടങ്ങിയ കഷ്ടകാലം ആടിയറുതിയും കടന്ന് മുന്നിലുണ്ട്.

എങ്കിലും ഇടവപ്പാതിയുടെ ഇരുണ്ടുനന്നഞ്ഞ ഈറ്റില്ലത്തില്‍ നിന്ന് പ്രതീക്ഷകളുടെ വെളിച്ചം ഉയരുന്നുവെന്നുവേണം പ്രതീക്ഷിക്കാന്‍.കാണാമറയത്തെ ആ ശത്രുവിനെ തോല്‍പിക്കാന്‍ കരുത്തുറ്റവഴികള്‍ നമ്മുടെ മുന്നിലുണ്ട്. അത് പിന്തുടരുകയേ വേണ്ടു. ഒാണത്തിന് അധികദിനമില്ല. ഒാണമെന്നാല്‍ എല്ലാതികഞ്ഞതാവണമെന്നില്ല. ഉള്ളതുകൊണ്ടോണം. അതാവണം ഉള്ളില്‍. സമൃദ്ധിയുടെ കാലത്തിനും അധികം കാത്തിരിക്കാന്‍ പറ്റില്ല തന്നെ

Anweshanam
www.anweshanam.com