മുല്ലപ്പെരിയാര്‍ അണക്കെട്ട്:ഷട്ടര്‍ തുറക്കുന്നതിന് മുൻപ് അറിയിക്കണം;തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്
Top News

മുല്ലപ്പെരിയാര്‍ അണക്കെട്ട്:ഷട്ടര്‍ തുറക്കുന്നതിന് മുൻപ് അറിയിക്കണം;തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്

136 അടി എത്തുന്ന ഘട്ടത്തില്‍ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്ക് എത്തിക്കാനും പുറത്തേക്ക് ഒഴുക്കിവിടാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

News Desk

News Desk

തിരുവനന്തപുരം: കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുൻപ് അറിയിക്കണമെന്നാവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്തയച്ചു. 136 അടി എത്തുന്ന ഘട്ടത്തില്‍ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്ക് എത്തിക്കാനും പുറത്തേക്ക് ഒഴുക്കിവിടാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കാണിച്ച്‌ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയാണ് തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖന് കത്തയച്ചത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ഇടുക്കി ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ സംഭരണിയുടെ ക്യാച്മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴിന് ഉച്ചക്ക് രണ്ടോടെ 131.25 അടി ആയി ഉയര്‍ന്നു. വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ സംഭരിണിയിലേക്ക് വരുന്ന വെള്ളത്തിന്‍റെ അളവ് 13,257 ക്യൂസെക്സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്സുമാണ്.

24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4, 157.2 മി.മീ മഴയാണ്. ഈ സമയത്തിനുള്ളില്‍ ഏഴ് അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത. കട്ടപ്പന എം.ഐ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ നല്‍കിയ വിവരപ്രകാരം തമിഴ്നാടിന്‍റെ ഭാഗമായ പെരിയാര്‍ ഡാമിന്‍റെ സര്‍പ്ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 2018ല്‍ 23000 ക്യുസക്സ് ജലം പുറന്തള്ളിയപ്പോള്‍ നാശനഷ്ടമുണ്ടായിരുന്നു.

ചാലക്കുടി ബേസിനില്‍ വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. അതിനാല്‍ പി.എ. പി സിസ്റ്റത്തിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടണം. വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയും വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Anweshanam
www.anweshanam.com