കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയും മറികടന്ന് കേരളം

സ്ഥിതി അതീവ ഗുരുതരമെന്ന് വിദഗ്ദര്‍
കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയും മറികടന്ന് കേരളം

തിരുവനന്തപുരം: കോവിഡ് വ്യാപനതോതില്‍ കേരളത്തിന്റെ നില അതീവഗുരുതരമെന്ന് പുതിയ കണക്കുകള്‍. പരിശോധിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുകയാണ് കേരളത്തിന്റെ സ്ഥിതി. കഴിഞ്ഞ മൂന്നാഴ്ചയിലെ കോവിഡ് കണക്കുകളാണ് കേരളത്തിന്റെ നില ആശ്വാസകരമല്ലെന്ന് തെളിയിക്കുന്നത്.

ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസറ്റിവിറ്റി നിരക്ക് 7.4 ശതമാനമായിരുന്നു. കേരളത്തില്‍ 1.6 ശതമാനവും. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ ശരാശരി 11 ശതമാനമായി ഉയര്‍ന്നപ്പോള്‍ കേരളത്തിലേത് 5.6 ശതമാനമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 19 ഓടെ ദേശീയ നിരക്ക് 8.7 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ കേരളത്തിലിത് 9.1 ശതമാനത്തിലെത്തി.

ഇത്തരത്തില്‍ ദേശീയ ശരാശരിയെപ്പോലും മറികടക്കുന്ന പോസറ്റിവിറ്റി നിരക്ക് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. പോസറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ മൂന്ന് ദിവസവും ടെസ്റ്റ് ചെയ്യുന്നവരില്‍ 11 ശതമാനം പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്കുകള്‍.

ദശ ലക്ഷം പേരില്‍ എത്ര പേര്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കില്‍ കേരളം ആറാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്ത് 29 മുതല്‍ സെപ്തംബര്‍ 5 വരെ ഓരോ പത്ത് ലക്ഷം പേരിലും 56 പുതിയ രോഗികളെന്ന നിലയിലായിരുന്നു കേരളത്തിലെ കണക്ക്. സെപ്തംബര്‍ 12 ആകുമ്പോഴേക്കും ഇത് 87 രോഗികള്‍ എന്ന നിലയിലും 19ാം തിയതിയാകുമ്പോഴേക്കും ഇത് 111ലേക്കും ഉയര്‍ന്നു.

ഒക്ടോബറില്‍ സംസ്ഥാനത്ത് പ്രതിദിനം 10,000 പേര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 7000 വരെയാകുമെന്നാണ് കരുതുന്നത്. പക്ഷെ നവംബറിലും ഇതേ തോതില്‍ തന്നെ രോഗികളുണ്ടാകുമെന്നതിനാല്‍ കേരളത്തിന്റെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയെ നേരിടാന്‍ തയ്യാറെടുക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

Anweshanam
www.anweshanam.com