രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സഹായം പ്രഖ്യാപിച്ച് സംസ്ഥാനം
Top News

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സഹായം പ്രഖ്യാപിച്ച് സംസ്ഥാനം

പരിക്കേറ്റവരുടെ മുഴുവന്‍ സുരക്ഷ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

News Desk

News Desk

തിരുവനന്തപുരം: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റവരുടെ മുഴുവന്‍ സുരക്ഷ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അപകടത്തിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായും തകർന്നു. 80-ലേറെപ്പേർ താമസിച്ചിരുന്നു. 15 പേർ മരണപ്പെട്ടു, 15 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ ടാറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാജമലയിൽ പുലർച്ചയോടെയാണ് മണ്ണിടിച്ചൽ ഉണ്ടായത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ദുരന്തം ലോകം അറിയാന്‍ അഞ്ച് മണിക്കൂര്‍ എടുത്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്ത് എത്തിയതായാണ് വിവരം. സബ് കളക്ടറുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തൃശ്ശൂരിലെ ദേശീയ ദുരന്ത പ്രതികരണ സേന വിഭാഗത്തെയും രാജമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതേ സമയം തന്നെ വ്യോമ മാര്‍ഗം രക്ഷപ്രവര്‍ത്തന സംഘത്തെ എത്തിക്കാനും ശ്രമം നടത്തിയിരുന്നു.

അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന്‌ രാജമലയിലേക്ക് നിയോഗിച്ചു. ഇടുക്കി ജില്ലയിൽ മൊബൈൽ മെഡിക്കൽ സംഘത്തേയും ആംബുലൻസുകളേയും തയ്യാറാക്കി. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് കരസേനയുടേയും നാവികസേനയുടേയും സഹായം തേടും. വിവിധ ബറ്റാലിയനുകളിൽ നിന്നുളള പോലീസിനെ രാജമലയിൽ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com