സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ വിഷയം സർക്കാരിന് വീണ്ടും കുരുക്കായി
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: വിവാദമായ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് വ്യക്തമാക്കി ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ വിഷയം സർക്കാരിന് വീണ്ടും കുരുക്കായി.

തീപിടുത്തത്തിൽ കത്തിയത് ഫയലുകൾ മാത്രമാണ്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പടെയുള്ള വസ്തുക്കൾ കത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദത്തെ തള്ളിയിരിക്കുകയാണ് നിലവിലെ ഫോറൻസിക് റിപ്പോർട്ട്.

ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ തീപിടുത്തമുണ്ടാകുന്നത്. സെക്രട്ടേറിയറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. സർക്കാർ സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ ഉൾപ്പെടെ വിവാദങ്ങളിലും നിൽക്കുന്ന സമയത്തായിരുന്നു തീപിടുത്തം. ഇത് ഏറെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com