
തിരുവനന്തപുരം: കസ്റ്റംസിന് നിയമസഭാ എത്തിക്സ് ആന്‍ഡ് പ്രിവിലെജ് കമ്മിറ്റിയുടെ നോട്ടീസ്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും കസ്റ്റംസ് നല്കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്നും നോട്ടീസിലുണ്ട്.
സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം എം.എല്‍.എ നല്കിയ പരാതിയിലാണ് നടപടി.
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇത് ശരിയായ പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭ കസ്റ്റംസിന് മറുപടി നല്കി.
ആദ്യം നല്കിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിന് നല്കിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നിയമസഭയുടെ നോട്ടീസില്‍ പറയുന്നു. മറുപടി മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതും അവഹേളനമാണെന്ന് നോട്ടീസിലുണ്ട്. അതേസമയം മറുപടിക്ക് സമയം നീട്ടി നല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.