തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂര്‍ത്തിയായി; മൂന്നാംഘട്ടത്തില്‍ 78.67 ശതമാനം പോളിംഗ്

നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂര്‍ത്തിയായി; മൂന്നാംഘട്ടത്തില്‍ 78.67 ശതമാനം പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. മൂന്നാംഘട്ടത്തില്‍ 78.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്.

ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം

കാസർഗോഡ് – 76. 57

കണ്ണൂർ – 77.88

കോഴിക്കോട് – 78. 31

മലപ്പുറം – 78.46

നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്‌നങ്ങള്‍ കാരണം പോളിങ് അല്‍പം വൈകി.

മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് ലാത്തിവീശി.

കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലാണ് റെക്കോര്‍ഡ് പോളിങ്. കണ്ണൂരിലും കാസര്‍കോടും ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം നേതാക്കള്‍ ആദ്യമണിക്കൂറുകളില്‍ വോട്ടുരേഖപ്പെടുത്തി. ആരാണ് ഉലഞ്ഞതെന്നും ആര്‍ക്കാണ് ക്ഷീണമുണ്ടായതെന്നും വോട്ടെണ്ണുമ്പോള്‍ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ബൂത്തുകളിലെ ആദ്യ വോട്ടര്‍മാരായിരുന്നു.

354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്.

കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്.

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com