
തിരുവനന്തപുരം: ഇടത് സർക്കാറിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനുള്ള നിയമസഭ സമ്മേളനം തുടങ്ങി. അഞ്ച് മണിക്കൂർ ചർച്ച ആരോപണ പ്രത്യാരോപണങ്ങളിൽ മുഖരിതമാകും. അവിശ്വാസത്തെ പിന്തുണക്കാൻ യു.ഡി.എഫ് വിപ്പ് നൽകിയ സാഹചര്യത്തിൽ കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലെ ബലപരീക്ഷണത്തിനും നിയമസഭ സാക്ഷ്യംവഹിക്കും. എന്നാൽ, ജോസ് വിഭാഗം എം.എൽ.എമാർ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.
സമ്മേളനത്തിന് മുന്നോടിയായി മുഴുവൻ അംഗങ്ങളെയും ആന്റിജൻ പരിശോധനക്ക് വിധേയമാക്കി. എം.എൽ.എ ഹോസ്റ്റലിൽ വെച്ചായിരുന്നു പരിശോധന. കോവിഡ് സുരക്ഷാ മാനദണ്ഡ പ്രകാരം ഗ്ലൗസ്, മാസ്ക്, ഫേസ് ഷീൽഡ് അടക്കം ധരിച്ചാണ് അംഗങ്ങൾ സഭയിൽ എത്തിയത്. അന്തരിച്ച എം.പി വിരേന്ദ്രകുമാർ അടക്കമുള്ളവർക്ക് സഭ ചരമോപചാരം അർപ്പിച്ചു.