ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം കേരളത്തിലേത്; ഏറ്റവും മോശം യു പി.യെന്ന് റിപ്പോർട്ട്

ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണിത്
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം കേരളത്തിലേത്; ഏറ്റവും മോശം യു പി.യെന്ന് റിപ്പോർട്ട്

ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥനമെന്ന പദവി കേരളം സ്വന്തമാക്കിയത്.

തമിഴ്‌നാടാണ് തൊട്ടുപിറകില്‍. ഏറ്റവും മോശം ഭരണമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് മികച്ച ഭരണം കാഴ്ച്ച വെയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത്.

ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയാണ് പി.എ.സി. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയിട്ടുള്ളത്.

സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ വിലയിരുത്തിയിരിക്കുന്നത്. പക്ഷപാതരാഹിത്യം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനമാക്കി സുസ്ഥിര വികസനം വിശകലനം ചെയ്താണ് സംസ്ഥാനങ്ങളിലെ ഭരണങ്ങളുടെ പ്രകടനം വിലയിരുത്തിയതെന്ന് പി.എ.സി പറഞ്ഞു.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാന്‍ പി.എ.ഐ 2020 സൃഷ്ടിക്കുന്ന തെളിവുകളും അത് നല്‍കുന്ന ഉള്‍ക്കാഴ്ചകളും ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട് കസ്തൂരിരംഗന്‍ സംസാരിച്ചത്.

മികച്ച ഭരണമുള്ള സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. കേരളം (1.388 പിഎഐ ഇന്‍ഡെക്‌സ് പോയിന്റ്), തമിഴ്നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിങ്ങനെയാണ് പോയിന്റ്.

Related Stories

Anweshanam
www.anweshanam.com