പോപ്പുലര്‍ ഫിനാന്‍സ്: ഓരോ പരാതിയിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

കേസ് സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി
പോപ്പുലര്‍ ഫിനാന്‍സ്: ഓരോ പരാതിയിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകൾക്കും കൂടി ഒറ്റ എഫ്‍ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ ഓരോ പരാതിയിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി.

കേസ് സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹ‍ര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഉടമകള്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് നിക്ഷേപകരുടെ വാദം. ഇതിന് പിന്നാലെ കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സ‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു.

പോപ്പുലര്‍ ഫിനാന്‍സിനെതിരെ 3200 ഓളം പരാതികള്‍ ലഭിച്ചെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഹെഡ് ഓഫീസ് പൂട്ടി മുദ്രവെക്കുകയും അഞ്ഞൂറോളം രേഖകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com