വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; 7 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം ഇന്ന് കൂടുതൽ ദുർബലമാകും.
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; 7 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. പെരിയാറിന്‍റെ തീരങ്ങളില്‍ താമസിയ്ക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ ഒരുക്കി. ജലനിരപ്പ് 2391 അടി പിന്നിട്ടതോടെ ഇന്നലെ ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. നിലവില്‍ പ്രളയ ഭീതിയില്ലെങ്കിലും അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ലാ ഭരണകൂടം. എന്‍ഡിആര്‍എഫ് സംഘം ഇടുക്കിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം ഇന്ന് കൂടുതൽ ദുർബലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ടോടെ മുംബൈ തീരം വഴി ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വിശാനിടയുളളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

Related Stories

Anweshanam
www.anweshanam.com