സംസ്ഥാനത്ത് പച്ചക്കറികൾക്ക് ഇന്ന് തറവില പ്രഖ്യാപിക്കും

രാജ്യത്താദ്യമായാണ് കർഷകർക്കായി ഇത്തരമൊരു നടപടി.
സംസ്ഥാനത്ത് പച്ചക്കറികൾക്ക് ഇന്ന് തറവില പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കർഷകർക്കായി ഇത്തരമൊരു നടപടി. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. പ്രതിസന്ധിയിലായ കാർഷികമേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്.

സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സവാള വില നിയന്ത്രിക്കാൻ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർ യോഗം ചേർന്നു. പ്രധാനപ്പെട്ട ഏജൻസികളായ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ് മുഖേന നാഫെഡിൽ നിന്നും 1800 ടൺ സവാള വാങ്ങാൻ തീരുമാനിച്ചു.

സപ്ലൈകോ ആയിരം ടൺ, കൺസ്യൂമർഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ എന്നിങ്ങനെ സവാള വാങ്ങും. വിപണിയിൽ നവംബർ ആദ്യവാരം മുതൽ വിതരണം തുടങ്ങും. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് ഇവ കേന്ദ്രസർക്കാർ പദ്ധതി വഴി സംഭരണ കേന്ദ്രത്തിൽ നിന്നും നേരിട്ട് ശേഖരിക്കാൻ സംസ്ഥാന ഏജൻസികൾക്ക് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് തമിഴ്നാടിനും കർണാടകത്തിനും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെയാണ് വിപണിയിൽ പച്ചക്കറി വില ഉയർന്നത്. കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളിൽ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com