സാക്ഷരതയില്‍ ഇക്കുറിയും ഒന്നാം സ്ഥാനം നിലനിർത്തി കേരളം
Top News

സാക്ഷരതയില്‍ ഇക്കുറിയും ഒന്നാം സ്ഥാനം നിലനിർത്തി കേരളം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാരക്ഷരതാ നിരക്ക് കൂടുതലാണെന്ന പൊതുധാരണയെ മാറ്റിമറിക്കുന്നതാണ് പുതിയ പട്ടിക.

News Desk

News Desk

ന്യൂഡൽഹി: സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. 89 ശതമാനം സാക്ഷരരുളള ഡൽഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളതും ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ്. ബിഹാറിനേയും പിന്തള്ളിയാണ് ആന്ധ്ര പ്രദേശിന്‍റെ സ്ഥാനം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാരക്ഷരതാ നിരക്ക് കൂടുതലാണെന്ന പൊതുധാരണയെ മാറ്റിമറിക്കുന്നതാണ് പുതിയ പട്ടിക. 70.9 ശതമാനം സാക്ഷരരുള്ള ബിഹാറിലുള്ളപ്പോള്‍ 66.4 ശതമാനം സാക്ഷരരാണ് ആന്ധ്രയിലുള്ളത്. തെലങ്കാനയില്‍ ഇത് 72.8 ശതമാനവും കര്‍ണാടകയില്‍ 77.2 ശതമാനവുമാണ്. ഇത് ദേശീയ ശരാശരിയായ 77.7 ശതമാനത്തേക്കാള്‍ താഴെയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമായി കേരളത്തിനും ഡൽഹിക്കും പിന്നിലുള്ളത്.

സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരത്തിന്‍റെ ദേശീയ ശരാശരി 14.4 ശതമാനമാകുമ്പോള്‍ കേരളത്തില്‍ ഇത് 2.2 ശതമാനമാണ്. അതായത് ദേശീയ തലത്തില്‍ പുരുഷന്മാരുടെ സാക്ഷരത 84.7 ശതമാനം ആവുമ്പോള്‍ സ്ത്രീ സാക്ഷരത എന്നത് 70.3 ശതമാനം മാത്രമാണ്.

നഗരത്തിലേയും ഗ്രാമങ്ങളിലേയും സാക്ഷരത താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ വ്യത്യാസമുള്ളത് തെലങ്കാനയിലാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതയേക്കാള്‍ 23.4 ശതമാനം കൂടുതലാണ് നഗരത്തിലെ സാക്ഷരത. ആന്ധപ്രദേശില്‍ ഈ വ്യത്യാസം 19.2 ശതമാനമാണ്. ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത പ്രധാനപ്പെട്ട 22 സംസ്ഥാനങ്ങളില്‍ 13 എണ്ണത്തിലും 70 ശതമാനത്തിലും കുറവായിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് 80 ശതമാനത്തിനും മുകളിലാണ്.

Anweshanam
www.anweshanam.com