
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആവശ്യം.
പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം മൂന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചു. സാധാരണ കൃഷിക്കാരുടെ ആശ്രയമായ മണ്ടി സംവിധാനത്തെ പുതിയ നിയമം തകർക്കും എന്ന് കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു സംസാരിച്ച കെസി ജോസഫ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരെ വിമർശനം വേണമെന്ന ഭേദഗതി കോണ്‍ഗ്രസിൽ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. പിന്നാലെ യുഡിഎഫ് - എൽഡിഎഫ് എംൽഎമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിർത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കർ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്.
കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ രാജഗോപാൽ എതിർത്തിരുന്നെങ്കിലും പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനമാണുള്ളത്. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.
പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാൻ വിസമ്മതിച്ച ഗവർണർക്കെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് നടത്തിയത്. ഡിസംബർ 23- നു ചേരേണ്ട സഭ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് ശരിയായില്ല. ഗവർണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നുവെന്നും എന്നാൽ സർക്കാരിൽ നിന്നും തണുത്ത നടപടിയാണ് ഉണ്ടായതെന്നും കെസി ജോസഫ് പറഞ്ഞു.
ക്രിസ്മസ് കേക്കുമായി മന്ത്രിമാർ ഗവർണറുടെ കാല് പിടിക്കാൻ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറുതെ പ്രമേയം പാസാക്കി പിരിയേണ്ട വിഷയമല്ല ഇത്. നൂറു ദിവസം മുൻപാണ് കേന്ദ്രം നിയമം പാസ്സാക്കിയത്. എന്നിട്ട് ഇപ്പോൾ മാത്രമാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഈ നിയമം കേരളത്തിൽ നടപ്പാക്കുന്നതിനെതിരെ നിയമനിർമ്മാണം നടത്തുകയാണ് കേരളം ചെയ്യേണ്ടതെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര നിയമത്തിന് ബദലായി കേരളത്തിൽ നിയമം കൊണ്ടു വരുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കോവിഡ് ബാധയെ തുടർന്ന് നിരീക്ഷണത്തിലായതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. വിഎസ് അച്യുതാനന്ദൻ, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ എന്നിവരും സമ്മേളനത്തിൽ നിന്നു വിട്ടു നിന്നു. പ്രമേയം പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനുവരി എട്ടിനാണ് അടുത്ത സമ്മേളനം.