അവിശ്വാസപ്രമേയം ഇന്നു നിയമസഭയില്‍; സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ തയ്യാറെടുത്ത് പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും.

അവിശ്വാസപ്രമേയം ഇന്നു നിയമസഭയില്‍;  സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ തയ്യാറെടുത്ത് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. അംഗബലത്തിന്റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.

സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ നിരവധിയാണ്. സര്‍വ്വ സന്നാഹവുമെടുത്ത് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരും മറുവശത്ത്. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനം സമാനതകളില്ലാത്ത രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പാണ്. 9 മണിക്ക് ധനകാര്യബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചര്‍ച്ച. വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടാകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സഭാ സമ്മേളനം നടക്കുന്നത്. കോവിഡ് പരിശോധന നടത്തിയ ശേഷമേ എംഎല്‍എമാരെ സഭക്കുള്ളില്‍ പ്രവേശിപ്പിക്കൂ. രണ്ട് പേര്‍ ഇരുക്കുന്ന സീറ്റുകള്‍ മാറ്റി ഒരു സീറ്റ് മാത്രമാക്കി മാറ്റി സാമൂഹ്യഅകലം പാലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com