ചൈന ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നു; വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ കെസി വേണുഗോപാല്‍

നിരീക്ഷണം ഗൗരവകരമാണന്നും തുടര്‍നടപടികള്‍ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ചൈന ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നു; വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ കെസി വേണുഗോപാല്‍

ന്യൂഡൽഹി: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പ്രധാനപ്പെട്ട പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാല്‍. ഇതേതുടർന്ന് ചൈനീസ് നിരീക്ഷണം ഗൗരവകരമാണന്നും തുടര്‍നടപടികള്‍ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ പ്രതികരിക്കണമെന്നും സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവര്‍ത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്.

ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങള്‍ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍,ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോര്‍ട്ടിലില്ല. അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Related Stories

Anweshanam
www.anweshanam.com