ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ പ്രതി

സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു
ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ പ്രതി

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദ് പ്രതി. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഇർഷാദും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേരും പ്രതികളാണെന്ന് പുറത്തു വരുന്ന വിവരം.

തലയ്ക്ക് പരിക്കേറ്റ ഇർഷാദ് നിലവിൽ ചികിത്സയിലാണ്. ഔഫിനെ കൊന്നത് ആസൂത്രിതമായെന്ന് സുഹൃത്ത് റിയാസ് വ്യക്തമാക്കി. ഔഫിനെ ആശുപത്രിയിൽ എത്തിച്ചത് റിയാസ് ആയിരുന്നു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അബ്ദുൾ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.

മുസ്‌ലിം ലീഗ്- ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെയാണ് അബ്ദുൾ റഹ്മാന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു. വോട്ടെണ്ണൽ കഴിഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘർഷം തുടങ്ങിയിരുന്നു.

എൽഡിഎഫിന് വോട്ടു ചെയ്‌തെന്നാരോപിച്ച് ലീഗ് പ്രവർത്തകനായ നിസാറിനെ മുസ്‌ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചു. ഇതിൽ 9 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾ ഉണ്ടായിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com