കരിപ്പൂർ സന്ദർശനം: മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ
Top News

കരിപ്പൂർ സന്ദർശനം: മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ

മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

News Desk

News Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം നിരീക്ഷണത്തിൽ പോയത്. കരിപ്പൂരിലെ അപകടസ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. അന്ന് മലപ്പുറം ജില്ലാ കളക്ടറും ഒപ്പമുണ്ടായിരുന്നു.കരിപ്പൂർ സന്ദർശിച്ച കെ.കെ ശൈലജ, ഇ ചന്ദ്രശേഖരൻ, എ സി മൊയ്തീൻ,കെ.ടി ജലീൽ, സുനിൽകുമാർ, കടന്നപ്പളളി രാമചന്ദ്രൻ എന്നീ മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽപ്പോയിട്ടുണ്ട്. മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയതോടെ നാളെ തിരുവനന്തപുരത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും.

കരിപ്പൂർ സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഉണ്ടായിരുന്നു. എന്നാൽ ഇവർ നിരീക്ഷണത്തിൽ പോകുന്ന കാര്യത്തിൽ രാജ്ഭവനും സ്പീക്കറുടെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലപ്പുറം കളക്ടർക്ക് പുറമെ സബ്കളക്ടർക്കും കളക്ടറേറ്റിലെ 21 ഉദ്യോഗസ്ഥർക്കും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എസ്‌ പി യു.അബ്ദുൾ കരീമിന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായും എസ്.പി യു.അബ്ദുൾ കരീമുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നേരത്തേ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. മുൻകരുതലെന്ന നിലയിലാണ് ഡി.ജി.പി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കരിപ്പൂർ വിമാനദുരത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇരുവരെയും കണ്ടിരുന്നു.

Anweshanam
www.anweshanam.com