കരിപ്പൂർ അപകടം: രക്ഷാപ്രവർത്തനം വിലയിരുത്തി മുഖ്യമന്ത്രി; പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു
Top News

കരിപ്പൂർ അപകടം: രക്ഷാപ്രവർത്തനം വിലയിരുത്തി മുഖ്യമന്ത്രി; പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി

News Desk

News Desk

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിലെ രക്ഷാപ്രവർത്തനം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ജില്ലാ ഭരണ പ്രതിനിധികൾ ആശുപത്രികളിൽ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കാനും രണ്ടു കലക്ടർമാർക്കും നിർദ്ദേശം നൽകി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് വിവരം ലഭ്യമാക്കാനുള്ള കൺട്രോൾ റൂമുകൾ സജീവമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചു.

Anweshanam
www.anweshanam.com