കണ്ണൂരിൽ വ്യാപക ആക്രമണം; പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു
കണ്ണൂരിൽ വ്യാപക ആക്രമണം; പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

കണ്ണൂർ: കണ്ണൂർ പാനൂരിലെ പെരിങ്ങത്തൂരിൽ വ്യാപക ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.

കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ എത്രത്തോളം നഷ്ടമുണ്ടായി എന്നത് വ്യക്തമല്ല.

മേഖലയിലേക്ക് കണ്ണൂരിൽ നിന്ന് കൂടുതൽ പൊലീസ് സംഘം എത്തുന്നുണ്ട്. നേരത്തെ തന്നെ പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.

22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com