ഏത് രാഷ്ട്രീയപ്പാര്‍ട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റ്: അൽഫോന്‍സ് കണ്ണന്താനം
Top News

ഏത് രാഷ്ട്രീയപ്പാര്‍ട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റ്: അൽഫോന്‍സ് കണ്ണന്താനം

ജനങ്ങളെ കാര്യം മനസിലാക്കിക്കൊടുക്കാൻ ജനപ്രതിനിധിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാക്യഷ്ണന് കഴിഞ്ഞില്ലെന്നും കണ്ണന്താനം ആരോപിച്ചു

By News Desk

Published on :

കോട്ടയം: മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഭവം കോട്ടയത്തിന് തന്നെ അപമാനകരമെന്ന് ബിജെപി മുൻ കേന്ദ്രസഹമന്ത്രി അൽഫോന്‍സ് കണ്ണന്താനം. വിവരക്കേടാണ് അവിടെ കണ്ടത്. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണ്. സംഭവത്തിൽ സ്ഥലം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാക്യഷ്ണന് വീഴ്ച പറ്റി. ജനങ്ങളെ കാര്യം മനസിലാക്കിക്കൊടുക്കാൻ ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും കണ്ണന്താനം ആരോപിച്ചു.

അതേ സമയം മുട്ടമ്പലത്ത് പ്രദേശവാസികളെ സംഘടിപ്പിച്ച് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെയും, കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. നഗരസഭ ശ്മശാനത്തിന് സമീപം താമസിക്കുന്നവരെ പ്രകോപിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധം നടത്താൻ നേതൃത്വം നൽകിയത് കോട്ടയം നഗരസഭ കൗൺസിലറായ ബിജെപി നേതാവ് ടി.എൻ ഹരികുമാർ ആണെന്ന് പൊലീസ് പറയുന്നു.

കോവിഡ് മാനദണ്ഡ പ്രകാരം നടത്തുന്ന സംസ്കാരത്തെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ഇദ്ദേഹമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരം കൗൺസിലർ ഹരികുമാറിനെതിരെ കോട്ടയം ഈസ്റ്റ് പൊലിസ് കേസെടുത്തത്. അൻപതിലധികം പേരാണ് സാമൂഹിക അകലം പാലിക്കാതെയും, മാസ്ക് ധരിക്കാതെയും ഇന്നലെ മുട്ടമ്പലം ശ്മശാനത്തിനടുത്ത് തടിച്ചുകൂടിയത്. സ്ഥല വാസികളുടെ എതിർപ്പിനിടയിലും ഇന്നലെ രാത്രി വൈകി പൊലീസ് ഇടപെട്ട് മരിച്ച ഔസേഫ് ജോർജ്ജിൻറെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.

Anweshanam
www.anweshanam.com