ജലീലിന് പിന്തുണയുമായി സിപിഐയും, രാജിവയ്ക്കേണ്ട സാഹചര്യമില്ല; കാനം രാജേന്ദ്രന്‍

മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.
ജലീലിന് പിന്തുണയുമായി സിപിഐയും, രാജിവയ്ക്കേണ്ട സാഹചര്യമില്ല; കാനം രാജേന്ദ്രന്‍

ആലപ്പുഴ: മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കെടി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കാനം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വന്നിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചിരുന്നില്ല. തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമര്‍ശത്തിന്റെ പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ കെടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി വീണ്ടും സിപിഎം രംഗത്തെത്തി. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്ററും എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവനും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാല്‍ പോലും രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാന്‍ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്ബ്യാരിലേക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ ഏതെങ്കിലും നിയമലംഘനം നടത്തി എന്നതില്‍ ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നും കാണേണ്ടതില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഒരു വിഷയത്തിലും ആശങ്കയില്ല. സംശയം ഉണ്ടാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കും. കുഞ്ഞാലിക്കുട്ടി രാജിവെക്കാന്‍ ഇടയായ കീഴ്‌വഴക്കം ഒന്നും ജലീലിന്റെ കാര്യത്തില്‍ ഇല്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് നിരവധി സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുള്ളതാണ്. കേരളത്തിലെ പ്രതിപക്ഷം ഒരു രാഷ്ട്രീയ പരാജയമാണ്. കളവുകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉള്ള പദ്ധതി പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്. നേതാക്കളുടെ കുടുംബത്തെയും കടന്നാക്രമിക്കുന്നു. നികൃഷ്ടമായ പ്രവര്‍ത്തന രീതി ആണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തിക്കൊണ്ട് ഇരിക്കുന്നത്. പ്രതിപക്ഷത്തിന് നിരാശപ്പെടേണ്ടി വരുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഒരു ഉപകരണം ആയി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com