
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടുവെന്നും സുധാകരന് വ്യക്തമാക്കി.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തായാറാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തങ്കിലും അവിടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയെല്ലാം കഴിഞ്ഞ ദിവസത്തോടെ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്കാന് യു.ഡി.എഫ് ആലോചിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യു.ഡി.എഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് രംഗത്തെത്തിയിരുന്നു.