മുഖ്യമന്ത്രിക്കെതിരായ പരാമർശം; ചെന്നിത്തലയെ തള്ളിപറഞ്ഞ്‌ കെ സുധാകരന്‍

തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു
മുഖ്യമന്ത്രിക്കെതിരായ പരാമർശം; ചെന്നിത്തലയെ തള്ളിപറഞ്ഞ്‌ കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ ഹൈക്കമാൻഡിനെയും പ്രതിപക്ഷ നേതാവിനെയും തള്ളിപ്പറഞ്ഞ് കെ സുധാകരൻ. താരീഖ് അൻവറിനെ മറ്റാരോ നിയന്ത്രിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാക്ക് മാറ്റിയെന്നും സുധാകരൻ ന്യൂസ് അവറിൽ ആരോപിച്ചു. തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വാക്ക് മാറ്റി. ഇതിന് പിന്നിലെ താത്പര്യം ചെന്നിത്തല വ്യക്തമാക്കണം- കെ സുധാകരൻ പറഞ്ഞു.

ഇന്നലെ ചെന്നിത്തലയോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നിട്ടും പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നു എന്ന ചെന്നിത്തലയുടെ ഇന്നത്തെ പ്രതികരണം തന്നോടു കാണിച്ച അനീതിയാണ്. അദ്ദേഹം തെറ്റാണ് പറഞ്ഞത്. അത് പറയാന്‍ പാടില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഷാനിമോൾ ഉസ്മാന്റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് നയിച്ചത്. ഷാനിമോൾ ഉസ്മാന് പിന്നിൽ ആരോ ഉണ്ടെന്ന് പറഞ്ഞ കെ സുധാകരൻ, മുഖ്യമന്ത്രിക്കെതിരായ വിമർശനം സഹിക്കാൻ ആകാത്തവർ ആണോ കോൺ​ഗ്രസിൽ ഉള്ളതെന്നും ചോദിച്ചു. താരിഖ് അൻവറിന് മലയാളം അറിയില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. താരിഖ് അൻവറിന് ഇത് സംബന്ധിച്ച് വിശദീകരണം നൽകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ തടയാൻ നേരത്തെയും നീക്കങ്ങൾ നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. തനിക്കെതിരെ നീങ്ങുന്നത് ആരാണെന്ന് വ്യക്തമായി അറിയാം. താനല്ല വിവാദം ഉണ്ടാക്കിയത്. ഇത്തരത്തിൽ ഒരു വിവാദം വേണ്ടിയിരുന്നോ എന്ന് വിവാദം ഉണ്ടാക്കിയവർ ആലോചിക്കണം. അവരോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com