
ന്യൂ ഡല്‍ഹി: ആറ് വർഷത്തെ സേവനത്തിന് ശേഷം സുപ്രീം കോടതിയിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചു. തന്റെ പരുഷമായ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്ഐ ബോബ്ഡെ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ധൈര്യത്തിന്റെയും പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വെളിച്ചം എന്നാണ് ചീഫ് ജസ്റ്റിസ് അരുൺ മിശ്രയെ വിശേഷിപ്പിച്ചത്.
അരുൺ മിശ്ര സുപ്രീം കോടതിയിലെ ഉരുക്കു ജഡ്ജിയായിരുന്നുവെന്ന് അറ്റോണി ജനെറൽ കെകെ വേണുഗോപാൽ യാത്രയപ്പ് ചടങ്ങിൽ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ യാത്രയയപ്പാണ് അരുൺ മിശ്രയ്ക്കായി ഒരുക്കിയത്.
എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ മിശ്ര നടപ്പാക്കി. പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസിലടക്കം വിധി പ്രസ്താവിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര കാലാവധി പൂർത്തിയാക്കുന്നത്.