ജോസ് കെ മാണി വിഭാഗം ഇനി ഇടതിനൊപ്പം; എംപി സ്ഥാനം രാജിവെക്കും

കേരള കോണ്‍ഗ്രസ് ഇടത് പാളയത്തില്‍ എത്തുമ്പോള്‍ എന്‍സിപിയുടെ തീരുമാനം നിര്‍ണയകമാകും.
ജോസ് കെ മാണി വിഭാഗം ഇനി ഇടതിനൊപ്പം; എംപി സ്ഥാനം രാജിവെക്കും

കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എംപി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

യുഡിഎഫ് കെഎം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും- ജോസ് കെ മാണി പറഞ്ഞു.

കര്‍ഷകരക്ഷ, മതേതരത്വം, ജനാധിപത്യം എന്നിവയാണ് കേരള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ഇന്ന് വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനും മതേതരത്വം കാത്ത് സൂക്ഷിക്കാനും ഇടത് പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

കോവിഡിലും പ്രളയത്തിലും കേരളം വലിയ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഭൂരിപക്ഷത്തില്‍ ഇന്ന് പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനമാണ് ഇടതുപക്ഷം സ്വീകരിച്ചത്. ജോസ് കെ മാണി പറഞ്ഞു.

റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങുവില 150 ആക്കിയത് മാണിസാറാണ്. അത് 200 രൂപയാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പട്ടയ ഭൂമിയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുന്നുണ്ട്. മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിതമായ പട്ടയം നല്‍കണമെന്നത് കേരള കോണ്‍ഗ്രസിന്റെ ആവശ്യമാണ്.

വന്യജീവി പ്രശ്‌നം, തോട്ടവിളകള്‍, ഈ പ്രശ്‌നങ്ങളില്ലെല്ലാം കര്‍ഷകന് ലാഭകരമായി കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. ഈ മാനിഫെസ്റ്റോ ഇടതുപക്ഷ സര്‍ക്കാരിന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ഇടത് പാളയത്തില്‍ എത്തുമ്പോള്‍ എന്‍സിപിയുടെ തീരുമാനം നിര്‍ണയകമാകും.

Related Stories

Anweshanam
www.anweshanam.com