രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് പക്ഷം

പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും.
രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് പക്ഷം

കോട്ടയം: രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ കേരളാ കോൺഗ്രസ് ജോസ് പക്ഷം തയ്യാറെടുക്കുന്നു. ഇടത് മുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് ഇന്ന് രാവിലെ വിശദീകരിക്കും. ജോസ് കെ മാണി ഇന്ന് രാവിലെ 11 മണിക്ക് വാർത്താ സമ്മേളനം നടത്തും. കേരള കോൺഗ്രസ് ജോസ് പക്ഷം പാർലമെന്ററി പാർട്ടി യോഗം രാവിലെ 9 മണിക്ക് ചേരും.

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എൻസിപി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം. പാലയിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുമ്പോൾ മാണി സി കാപ്പൻ ഉയർത്തുന്ന കലാപക്കൊടിയാണ് തലവേദന. സിറ്റിംഗ് സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് എൻസിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താൽ നിലവിൽ ചർച്ചക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയിൽ ഒറ്റപ്പെടും.

പാലയില്ലാതെ പാക്കേജ് സാധ്യമല്ലെന്ന ജോസ് പക്ഷത്തിന്‍റെ നിലപാടിൽ സിപിഎമ്മിന് യോജിപ്പുണ്ടെങ്കിലും മുന്നണിയിൽ ഇതുണ്ടാക്കുന്ന വിള്ളലാണ് ആശങ്ക. നിർണ്ണായക സമയത്തെ ഉപതെരഞ്ഞെടുപ്പിൽ പാലയിലെ രാഷ്ട്രീയ വിജയം വലിയ അംഗീകാരമായാണ് സിപിഎം ഉയർത്തികാട്ടിയത്. എങ്ങനെയും ജോസ് വിഭാഗത്തെ എൽഡിഎഫിൽ എത്തിക്കാൻ പാല ബലികഴിച്ചാൽ ഇതിലെ യുഡിഎഫ് മുതലെടുപ്പും സിപിഎം മുന്നിൽകാണുന്നു.

മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമോ എന്ന അഭ്യൂഹം സിപിഎം കാര്യമാക്കുന്നില്ലെങ്കിലും ഇതിൽ തട്ടി എൻസിപി സിപിഐ ഘടകകക്ഷികൾ വീണ്ടും ഉടക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. എന്ത് വിലക്കൊടുത്തിട്ടായാലും ജോസ് വിഭാഗത്തെ ഒപ്പം എത്തിക്കണം എന്നതാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്. പാലാ സീറ്റിൽ പ്രശ്നമൊഴിഞ്ഞാലും 20സീറ്റ് ആവശ്യപ്പെട്ട ജോസ് വിഭാഗത്തിന് 12സീറ്റെങ്കിലും കിട്ടാതെ മുന്നണിയിൽ എത്തുമോ എന്നതും വെല്ലുവിളിയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com