സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജോസ് കെ. മാണി

നേരത്തെയും തെരഞ്ഞെടുപ്പ് കാലത്ത് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു
സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജോസ് കെ. മാണി

കോട്ടയം: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ജോസ് കെ. മാണി. സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരും. അത് അന്വേഷിച്ചെന്നിരിക്കും. നേരത്തെയും തെരഞ്ഞെടുപ്പ് കാലത്ത് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

അതിനിടെ, സോളാർ കേസിന്‍റെ അന്വേഷണം സിബിഐക്ക്​ വിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്തെത്തി. വാളയാർ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സിബിഐയെ എതിർത്ത സർക്കാറാണ്​ സോളാർ സിബിഐയെ ഏൽപ്പിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ബിജെപിയുമായുള്ള രഹസ്യധാരണ പ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. ഓലപാമ്പ്​ കാണിച്ച്​ യുഡിഎഫിനെ വിരട്ടാൻ നോക്കേണ്ട. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുന്നെ്​ ഉറപ്പായപ്പോഴാണ്​ വീണ്ടും സോളാർ കേസ്​ കുത്തിപൊക്കിയത്​. സർക്കാർ നടപടിയെ രാഷ്​ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും യുഡിഎഫ് പ്രതിരോധം തീര്‍ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പൊടിക്കൈ മാത്രമാണ് സിബിഐ അന്വേഷണ ശുപാര്‍ശയെന്നായിരിക്കും യുഡിഎഫിന്റെ നിലപാട്.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ശ്രമം. പിണറായി വിജയന്റെ പൊലീസ് സംഘം നാലര വര്‍ഷത്തിലേറെ അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനായില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com