അമ്മയുടെ കോവിഡ് മരണം മറച്ചുവെച്ച് സംസ്കാരം നടത്തി; അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ആരോപണം

പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലാണ് ആരോപണവുമായി രംഗത്തെത്തിയത്.
അമ്മയുടെ കോവിഡ് മരണം മറച്ചുവെച്ച് സംസ്കാരം നടത്തി; അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ആരോപണം

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കോവിഡ് 19 ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് പ്രോട്ടോക്കോള്‍ പാലിക്കാതെ സംസ്കരിച്ചെന്ന് ആരോപണം. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിന്‍റേതാണ് ആരോപണം.

കോവിഡ് ബാധിച്ചാണ് തന്‍റെ അമ്മ മരിച്ചതെന്ന വിവരം മറച്ചുവച്ചു. ജൂൺ 10ന് ഡൽഹിയിൽ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനവും നടത്തിയാണ് സംസ്കരിച്ചത്. താനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ഈ സമയത്തെല്ലാം കോവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചെന്നാണ് ജോമോൻ ആരോപിക്കുന്നത്.

അമ്മയുടേത് കോവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് ബാധിതർ മരിച്ചാൽ വ്യാപനമൊഴിവാക്കാൻ ബന്ധുക്കളെ പോലും കാണിക്കാതെ പ്രത്യേകം പൊതിഞ്ഞ് സംസ്കരിക്കുന്നതാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള രീതി. കണ്ണന്താനം ഇതൊഴിവാക്കാൻ സ്വാധീനമുപയോഗിച്ചെന്ന ആരോപണമാണ് ജോമോൻ പുത്തൻ പുരയ്ക്കൽ ഉയർത്തുന്നത്.

എന്നാല്‍ കോവിഡ് പ്രധാന അവയവങ്ങളെ ബാധിച്ചതാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് അൽഫോൺസ് കണ്ണന്താനത്തിന്‍റെ വിശദീകരണം. കോവിഡ് ഭേദമായെന്ന സർട്ടിഫിക്കറ്റ് എയിംസ് നല്കിയിരുന്നു. മരണത്തിനു ശേഷമുള്ള പരിശോധനയിലും നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കിട്ടിയത്. കോവിഡ് വിവരം മറച്ചുവച്ച് കേരളത്തിൽ സംസ്കാരം നടത്തിയെന്ന ആരോപണം മറുപടി അർഹിക്കാത്തതെന്നും അൽഫോൺസ് കണ്ണന്താനം പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com