മലയാളത്തിന് അഭിമാനം; ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജെല്ലിക്കെ‌ട്ട്

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ 2021 ഏപ്രില്‍ 25നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.
മലയാളത്തിന് അഭിമാനം;   ഇന്ത്യയിൽ നിന്നുള്ള  ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജെല്ലിക്കെ‌ട്ട്

ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതിനാലംഗ കമ്മിറ്റിയാണ് ചിത്രത്തെ തെരഞ്ഞെടുത്തത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേ‌ടിയി‌ട്ടുണ്ട്.എസ്. ഹരീഷിന്‍റെ "മാവോയിസ്റ്റ്' എന്ന ചെറുകഥയെ ആസ്പദമാക്കി ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതിയത്.ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, സബുമോൻ അബ്ദുസമാദ്, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011ല്‍ സലിം കുമാര്‍ നായകവേഷമിട്ട സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകന്‍ അബു ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

കഴിഞ്ഞ വർഷം, സോയ അക്തറിന്റെ ഗല്ലി ബോയ് ആയിരുന്നു ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യൻ എൻട്രി. എന്നാൽ ചിത്രം ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെട്ടില്ലരുന്നില്ല. ഈ വിഭാഗത്തിൽ അവസാനമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം, മികച്ച വിദേശ ഭാഷാ ചിത്രമായി അറിയപ്പെട്ട ലഗാൻ ആയിരുന്നു.അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ 2021 ഏപ്രില്‍ 25നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com