ആന്ധ്രാപ്രദേശിലെ എല്ലാ സ്കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ നിർദേശം

സ്കൂളുകളുടെ പ്രവ‍ര്‍ത്തനത്തിനായി ക‍ര്‍ശനമായ ചിട്ടകളോട് കൂടിയ മാ‍ര്‍​ഗനി‍ര്‍ദേശം സ‍ര്‍ക്കാര്‍ പുറത്തിറക്കി
ആന്ധ്രാപ്രദേശിലെ എല്ലാ സ്കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ നിർദേശം

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ സ്കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. സ്കൂളുകളുടെ പ്രവ‍ര്‍ത്തനത്തിനായി ക‍ര്‍ശനമായ ചിട്ടകളോട് കൂടിയ മാ‍ര്‍​ഗനി‍ര്‍ദേശം സ‍ര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ട‍ര്‍മാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി സംസാരിക്കുന്നതിനിടെയാണ് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച വിവരം ജ​ഗന്‍ പ്രഖ്യാപിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാ‍ര്‍ത്ഥികള്‍ക്ക് ഒരു ദിവസവും രണ്ട്,നാല്,ആറ്,എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് അടുത്ത ദിവസവും എന്ന രീതിയില്‍ ഇടവിട്ട ദിവസങ്ങളിലാവും ക്ലാസുകള്‍ നടത്തുക.

ഒരേ സമയം ഒരുപാട് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. ഉച്ചവരെ മാത്രമേ സ്കൂളുകള്‍ പ്രവ‍ര്‍ത്തിക്കൂ. ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാ‍ര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് പോകാം.

750-ലേറെ വിദ്യാ‍ര്‍ത്ഥികളുള്ള സ്കൂളുകളില്‍ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്കൂളിലേക്ക് വരാന്‍ കഴിയാത്തവര്‍ക്കും കോവിഡ് ഭീതി മൂലം വരാന്‍ താത്പര്യമില്ലാത്തവ‍ര്‍ക്കും ഓണ്‍ലൈനില്‍ പഠനം തുടരാനും അവസരമുണ്ടാവും.

Related Stories

Anweshanam
www.anweshanam.com