പോംപിയോ കുറ്റകൃത്യങ്ങളുടെ മന്ത്രി - ഇറാൻ പ്രസിഡൻ്റ്

തീവ്രവാദ പ്രവർത്തനം തടയുന്നവരെന്ന് പറയുന്നവർ ഇറാൻ്റെ കോവിഡു മഹാമാരി പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം തീർക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സൻ റൂഹാനി
പോംപിയോ കുറ്റകൃത്യങ്ങളുടെ മന്ത്രി - ഇറാൻ പ്രസിഡൻ്റ്

ടെഹ്‌റാൻ: യു‌എസിന്റെ പുതിയ ഉപരോധത്തിനെതിരെ ടെഹ്‌റാൻ കടുത്ത അമർഷത്തിൽ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ കുറ്റകൃത്യങ്ങളുടെ മന്ത്രിയാണ് - ഇറാൻ പ്രസിഡൻ്റ് റൂഹാനി.

തീവ്രവാദ പ്രവർത്തനം തടയുന്നവരെന്ന് പറയുന്നവർ ഇറാൻ്റെ കോവിഡു മഹാമാരി പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം തീർക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സൻ റൂഹാനി കുറ്റപ്പെടുത്തി. ഇറാന്റെ മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വൈറ്റ് ഹൗസിനെ ശപിക്കണമെന്ന് ഇറാൻ ജനതയോട് റൂഹാനി ആവശ്യപ്പെട്ടു - റഷ്യൻ ടിവി റിപ്പോർട്ട്‌.

“നമുക്ക് നമ്മുടെ ശാപങ്ങളും നീരസങ്ങളും ശരിയായ വിലാസത്തിലേക്ക് അയയ്ക്കാം. കുറ്റകൃത്യം ചെയ്യുന്നയാൾ വൈറ്റ് ഹൗസിലാണ് ”, റൂഹാനി ഇറാനികളെ ഉപദേശിച്ചു.

ഇറാൻ്റെ പ്രതിരോധ - ആണവ വ്യവസായങ്ങൾ ലക്ഷ്യമിട്ട് ട്രമ്പ് ഭരണകൂടം ഈ ആഴ്ച ആദ്യം പുതിയ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ 27 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് അന്വേഷണ നടപടികൾ പ്രഖ്യാപിക്കപ്പെട്ടത്. അന്വേഷണത്തിൽ വസ്തുതകൾ തെളിഞ്ഞാൽ അമേരിക്കയിലെ അവരുടെ സ്വത്തുക്കൾ മരവിപ്പിക്കും. അമേരിക്കക്കാരുമായുള്ള അവരുടെ ഇടപാടുകൾ വിലക്കും.

അതേസമയം ഇറാനുമായി ഇടപാടുകളിലേർപ്പെടുന്ന വിദേശ സർക്കാരുകൾക്കും കമ്പനികൾക്കുമെതിരെ യുഎസ് പിഴ ചുമത്തും. അമേരിക്കക്കാർ അടുത്തിടെ ഇറാന് കോടിക്കണക്കിന് ഡോളർ നാശനഷ്ടമുണ്ടാക്കിയതായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയോട് പോരാടുകയാണ് ഇറാൻ. ഇതിനിടെ ഇറാനിലേക്ക് കയറ്റി അയ്ക്കപ്പെടുന്ന മരുന്നും ഭക്ഷണവും പുതിയ ഉപരോധത്തിൻ്റെ പേരിൽ അമേരിക്ക തടയുകയാണ്. ഇത് ക്രൂരവും അന്യായവും മനുഷ്യത്വരഹിതവും തീവ്രവാദപരവുമായ പ്രവർത്തനങ്ങളുമാണ്.

ഇറാനെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് യുഎസ്. ഇറാന് 70 ബില്യൺ ഡോളർ വരുമാനം നിഷേധിച്ചതിനെ മഹാകാര്യമെന്ന രീതിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വീമ്പിളക്കുകയാണ്. വിദേശകാര്യ വകുപ്പാണ് കൈകകാര്യം ചെയ്യുുന്നതെങ്കിലും പോംപിയോ കുറ്റകൃത്യങ്ങളുടെ മന്ത്രിയാണ് - ഇറാൻ പ്രസിഡൻ്റ് തുറന്നടിച്ചു.

2015 ലെ ആണവ കരാറിന് കീഴിൽ ഇറാനെതിരായ യുഎൻ ഉപരോധം തിരികെകൊണ്ടുവരുമെന്ന പിടിവാശിയലാണ് യുഎസ് . യുഎൻ സുരക്ഷ കൗൺസിലിൽ പക്ഷേ വാഷിങ്ടണിൻ്റെ പിടിവാശി വിലപോയില്ല. കൗൺസിലിലെ യുഎസ് പ്രമേയത്തിന് റഷ്യ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടനടക്കുള്ളവരുടെ എതിർപ്പിനെ മറികടക്കാനായില്ല.

2015ൽ ഇറാനുമായുണ്ടാക്കിയ ബഹുകക്ഷി ഉടമ്പടിയിൽ നിന്ന് ട്രമ്പ് ഭരണകൂടം പിന്മാറിയിരുന്നു. ഇപ്പോൾ ഉടമ്പടിയിൽ കക്ഷിയല്ല. അതിനാൽ തന്നെ ഇറാനെതിരെ ഉപരോധം തിരിച്ചു കൊണ്ടുവരുന്നതിനുള്ള (സ്നാപ്പ്ബാക്ക്) ട്രമ്പ് ഭരണകൂട ശ്രമം അസാധുവാണെന്ന് യുഎൻ ആവർത്തിക്കുന്നുവെന്നത് ശ്രദ്ധേയം.

Related Stories

Anweshanam
www.anweshanam.com