
ന്യൂഡല്‍ഹി: ഡല്‍ഹി ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്ഫോടനത്തില്‍ ഇറാന് പൗരന്മാരെ ചോദ്യംചെയ്യുന്നു. ഡല്‍ഹിയില്‍ താമസമാക്കിയ വീസ കാലാവധി കഴിഞ്ഞവരെയാണ് ചോദ്യംചെയ്യുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല് ഹിന്ദ് ഏറ്റെടുത്തിരുന്നു.
ഇസ്രായേല്‍ എംബസിക്ക് അമ്പത് മീറ്റര്‍ അകലെ ഇന്നലെ വൈകിട്ടായിരുന്നു സ്ഫോടനം. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും തേടിയിട്ടുണ്ട്. സ്ഥലത്ത് രണ്ടുപേര്‍ ടാക്സിയില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെടുത്ത ഒരു സ്കാർഫിൻ്റെ ചിത്രം അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് കവറിൽ നിന്നാണ് ഈ തുണി അന്വേഷണസംഘത്തിന് കിട്ടിയത്. ഒരു ചുവന്ന നിറത്തിലുള്ള തുണിയാണ് കണ്ടെത്തിയത്. വിദഗ്ദ്ധ സംഘം ഈ തുണി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച കത്തും സിസിടിവി ദൃശ്യങ്ങളിൽ കണ്ട 2 പേരെയും അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇസ്രായേലിനെതിരായ ഭീകരാക്രമണമായാണ് സംഭവത്തെ കാണുന്നതെന്ന് ഇസ്രായേൽ അംബാസിഡർ പ്രതികരിച്ചു.
സ്ഫോടനം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് ടാക്സി കാറില്‍ വന്നിറങ്ങിയ രണ്ടുപേര്‍ക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ടാക്സി ഡ്രൈവറില്‍ നിന്ന് വിവരങ്ങള്‍ തേടി ഇവരുടെ രേഖാ ചിത്രം തയ്യറാക്കുകയാണെന്നും അന്വേഷമ സംഘം അറിയിച്ചു. അതേസമയം സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഇസ്രയേല്‍ അംബാസിഡര്‍ എന്ന് അഭിസംബോധന ചെയ്തു എഴിതിയ കത്തില്‍ സ്ഫോടനം ട്രയല്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഇറാന് ജനറല്‍ ക്വാസിം സുലൈമാനി, ആണവ ശാസ്ത്രജ്ഞന് മോഹന്‍ ഫാക്രിസാദ എന്നിവരെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.