ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി

കരസേന മേധാവി എംഎം നരവനേയാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്.
ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി

ന്യൂ ഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച ആന്‍റി- സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി. വിശാഖപട്ടണത്ത് വച്ച് നടന്ന ചടങ്ങില്‍ കരസേന മേധാവി എംഎം നരവനേയാണ് ഐഎന്‍എസ് കവരത്തിയുടെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രോജക്ട് 28ന്‍റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച നാല് ആന്‍റി- സബ്മറൈന്‍ യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് ഐഎന്‍എസ് കവരത്തി. കമോര്‍ത്ത ക്ലാസില്‍പ്പെട്ട സ്റ്റെല്‍ത്ത് വിഭാഗത്തിലുള്ള ചെറിയ യുദ്ധക്കപ്പലാണിത്.

നാവിക സേനയുടെ കീഴിലുള്ള ഡിസൈന്‍ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ബംഗ്ലാദേശ് വിമോചനത്തില്‍ സുപ്രധാന പങ്കുവഹിച്ച ഐഎന്‍എസ് കവരത്തിയോടുള്ള ആദര സൂചകമായാണ് ഈ പേര് തന്നെ ഇതിന് നല്‍കിയത്.

അത്യാധുനിക യുദ്ധോപകരണങ്ങളാണ് ഈ യുദ്ധക്കപ്പലില്‍ ക്രമീകരിച്ചിരിക്കുന്നത്. അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുള്ള സംവിധാനമാണ് യുദ്ധക്കപ്പലിന്‍റെ മറ്റൊരു പ്രത്യേകത. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം പുകയുന്ന പശ്ചാത്തലത്തിലാണ് ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമാകുന്നത്.

Related Stories

Anweshanam
www.anweshanam.com