സ്വർണ്ണക്കടത്ത് കേസിൽ  വെളിപ്പെടുത്തൽ: സ്വപ്‌ന ആദ്യം ഒളിവിൽ താമസിച്ചത് പോലീസ് സഹായത്തോടെ ആലപ്പുഴയിൽ
Top News

സ്വർണ്ണക്കടത്ത് കേസിൽ വെളിപ്പെടുത്തൽ: സ്വപ്‌ന ആദ്യം ഒളിവിൽ താമസിച്ചത് പോലീസ് സഹായത്തോടെ ആലപ്പുഴയിൽ

ഈ വീട്ടിൽ ഇവർ രണ്ട് ദിവസം താമസിച്ചു. ഈ സമയത്ത് ഒരു ഹൈക്കോടതി വക്കീലും ഇവരുടെ വീട്ടിൽ എത്തി. ഇവിടെ നിന്നാണ് സ്വപനയുടേതായി പ്രചരിച്ച വോയിസ് ക്ലിപ്പ് തയ്യാറാക്കിയതെന്നും രാജേഷ് വ്യക്തമാക്കുന്നു

By News Desk

Published on :

തിരുവനന്തപുരം: ഏറെ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒളിവിൽ താമസിച്ചത് കിരൺ എന്നയാളുടെ വീട്ടിൽ. ബിജെപി നേതാവ് വി വി രാജേഷ് മാതൃഭൂമി ചാനലിലെ ഇന്നത്തെ (ജൂലൈ 19 രാത്രി 7.30 മുതൽ 8.30 വരെ) പ്രൈം ടൈം ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസമാണ് ആലപ്പുഴയിലുള്ള കിരണിന്റെ വീട്ടിൽ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒളിവിൽ താമസിച്ചത് എന്നാണ് രാജേഷ് വ്യക്തമാക്കുന്നത്.

ഒരു ഡിവൈഎസ്‌പിയാണ് തലസ്ഥാനത്ത് നിന്ന് മുങ്ങിയ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും ഈ വീട്ടിൽ എത്തിക്കുന്നതിന് വേണ്ടി സഹായിച്ചത്. ഈ വീട്ടിൽ ഇവർ രണ്ട് ദിവസം താമസിച്ചു. ഈ സമയത്ത് ഒരു ഹൈക്കോടതി വക്കീലും ഇവരുടെ വീട്ടിൽ എത്തി. ഇവിടെ നിന്നാണ് സ്വപനയുടേതായി പ്രചരിച്ച വോയിസ് ക്ലിപ്പ് തയ്യാറാക്കിയതെന്നും രാജേഷ് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും രാജേഷ് പറയുന്നു. കിരൺ ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവ് ഉപയോഗിച്ച വാഹനമാണെന്നും രാജേഷ് പറയുന്നു. കിരണിന്റെ വീട്ടിൽ നിന്നാണ് പിന്നീട് ഇവർ ബംഗളൂരുവിലേക്ക് മുങ്ങിയത്.

ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്‌നയെയും സന്ദീപിനെയും പിന്നീട് എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) പിടികൂടുകയായിരുന്നു. നിലവിൽ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരിൽ നിന്നും രാജ്യത്തെ തന്നെ ആദ്യ സംഭവമായ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഏറെ കണ്ണികളുള്ള ഈ സ്വർണ്ണക്കടത്ത് ശൃംഖല വഴി കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം കടത്തിയത് 100 കോടിയോളം രൂപയുടെ സ്വർണമാണ്.

ജൂലൈ 5 ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കോൺസുലേറ്റ് ബാഗേജ് വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജിൽ സ്വർണം കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് ബാഗേജ് യുഎഇ അധികൃതരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചത്. 15 കോടി വിലവരുന്ന 30 കിലോ സ്വർണമാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇതിന്റെ പിന്നിലെ അന്വേഷണമാണ് സർക്കാർ ഐടി വകുപ്പ് താൽകാലിക ജീവനക്കാരിയായ സ്വപ്‌നയിലും കോൺസുലേറ്റ് മുൻ ജീവനക്കാരനായ സരിത്തിലും എത്തിയത്. സരിത്ത് കേസന്വേഷണം തുടങ്ങിയപ്പോൾ തന്നെ പിടിയിലായെങ്കിലും സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവരെ ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.

Anweshanam
www.anweshanam.com