
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നിയമനവിവാദം ആളിക്കത്തുന്നതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്. ഡല്‍ഹി കേരളഹൗസില്‍ 38 താല്‍ക്കാലിക ജീവനക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്.
10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളഹൗസിലെ 38 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ യുഡിഎഫ് മന്ത്രിസഭാ തീരുമാനത്തിന്റെ രേഖയുള്പ്പടെയാണ് ഇപ്പോള്‍ പുറത്ത് വന്നത്. തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം.
10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമും പൊതുഭരണവകു്പ് സെക്രട്ടറി കെ ആര് ജ്യോതിലാലും നിലപാട് എടുത്തു. ഈ എതിര്‍പ്പ് മറി കടന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥിര നിയമനം.