അൺലോക്ക് 5.0: തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറക്കാം, സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കും

അൺലോക്ക് 5.0: തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറക്കാം, സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കും

കായിക താരങ്ങള്‍ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് തുറക്കാനും അനുമതി നൽകുന്നുണ്ട്

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും. കായിക താരങ്ങള്‍ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് തുറക്കാനും അനുമതി നൽകുന്നുണ്ട്.

സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനമെടുക്കാൻ. വിദൂര വിദ്യഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നൽകണം. കേന്ദ്ര സർവകലാശാലകളിൽ വകുപ്പ് മേധാവികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്സിറ്റികൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ കാര്യത്തിൽ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.

സാമൂഹികം, കായികം, സാസ്‌കാരികം, മതം, രാഷ്ട്രീയം തുടങ്ങിയ പരിപാടികള്‍ക്ക് പരാമവധി പങ്കെടുക്കാനുള്ള അനുമതി 100 പേര്‍ക്കാണ്. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതില്‍ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. കണ്‍ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകള്‍.

കേന്ദ്ര സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ (സംസ്ഥാന/ജില്ല/സബ് ഡിവിഷന്‍/നഗര/വില്ലേജ് തല) പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

Related Stories

Anweshanam
www.anweshanam.com