ബംഗ്ലാദേശിന് നല്‍കിയ വാഗ്‌ദാനം പാലിച്ച്‌ ഇന്ത്യ; 10 ട്രെയിനുകള്‍ ബംഗ്ലാദേശിന് കൈമാറി
Top News

ബംഗ്ലാദേശിന് നല്‍കിയ വാഗ്‌ദാനം പാലിച്ച്‌ ഇന്ത്യ; 10 ട്രെയിനുകള്‍ ബംഗ്ലാദേശിന് കൈമാറി

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്ക് ഗതാഗതം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

By News Desk

Published on :

ന്യൂഡൽഹി : കോവിഡ് മഹാമാരിക്കിടയിലും അയല്‍രാജ്യമായ ബംഗ്ലാദേശിന് നല്‍കിയ വാഗ്ദാനം പാലിച്ച്‌ ഇന്ത്യ. മുന്‍ധാരണ പ്രകാരം 10 ട്രെയിനുകളാണ് ഇന്ത്യ ബംഗ്ലാദേശിനായി കൈമാറിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്ക് ഗതാഗതം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡൽഹിയില്‍ എത്തിയിരുന്നു. അന്ന് 10 ട്രെയിനുകള്‍ ബംഗ്ലാദേശിന് കൈമാറുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. അതിന് ശേഷം ലോകത്തെ തന്നെ പിടിച്ചുകുലിക്കിക്കൊണ്ട് കൊറോണ വൈറസ് മഹാമാരി എത്തിയെങ്കിലും ഇന്ത്യ നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു.

10 ഡീസല്‍ ട്രെയിന്‍ എഞ്ചിനുകളാണ് അയല്‍രാജ്യത്തിന് നല്‍കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുള്‍ മോമെന്‍, മുഹമ്മദ് നൂറുല്‍ ഇസ്ലാം സുജോന്‍ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ പരിപാടിയിലൂടെയാണ് ട്രെയിനുകള്‍ കൈമാറിയത്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്ക് ഗതാഗതവും ഇതിലുടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പാര്‍സല്‍ ട്രെയിന്‍ സര്‍വീസും കണ്ടെയ്നര്‍ ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. ബേനാപോള്‍ വഴിയാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

1965 ലേതിന് സമാനമായി റെയില്‍ ഗതാഗതം മെച്ചപ്പെട്ടതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അന്ന് ഏഴ് റെയില്‍ ലിങ്കുകളാണ് ഉണ്ടായിരുന്നത്. ഇന്നത് നാലായി ചുരുങ്ങി. റെയില്‍ ഗതാഗതം ശക്തിപ്പെടുത്താല്‍ അഗര്‍ത്തലയില്‍ നിന്ന് ബംഗ്ലാദേശിലെ അഖോറയിലേക്ക് പുതിയ റെയില്‍വേ ലിങ്ക് സ്ഥാപിക്കും. ഇത് ഇന്ത്യയായിരിക്കും നിര്‍മ്മിക്കുക.

Anweshanam
www.anweshanam.com