രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്കനുസരിച്ച്‌ ഇത് വരെ 73,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. 1115 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചു.

നിലവില്‍ 8,97,394 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്നാട്ടില്‍ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ മാറി. 4615 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പൂണെയില്‍ മാത്രം ആകെ രോഗബാധിതര്‍ രണ്ട് ലക്ഷം പിന്നിട്ടു. പരിശോധനയുടെ എണ്ണം കൂടിയതിനാലാണ് രോഗികള്‍ കൂടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Related Stories

Anweshanam
www.anweshanam.com