ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; വാക്സിൻ സ്വീകരിച്ച യുവാവിന് രോഗം

ഹൈദരാബാദിലാണ് വാക്സിൻ സ്വീകരിച്ച 35കാരന് രണ്ടുദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചത്
ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; വാക്സിൻ സ്വീകരിച്ച യുവാവിന് രോഗം

ന്യൂഡൽഹി; രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് ബയോടെക് കമ്പനിയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ചയുണ്ടായതായി വെളിപ്പെടുത്തൽ. ആദ്യഘട്ട പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച യുവാവിന് രണ്ടു ദിവസത്തിനിടെ ന്യൂമോണിയ പിടിപെട്ടിട്ടും, പരീക്ഷണം തുടർന്നതായാണ് വെളിപ്പെടുത്തൽ.

ഹൈദരാബാദിലാണ് വാക്സിൻ സ്വീകരിച്ച 35കാരന് രണ്ടുദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചത്. ഇയാൾ ഒരാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്കുശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. നേരത്തെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന യുവാവിനാണ് വാക്സിൻ സ്വീകരിച്ചതോടെ ന്യൂമോണിയ പിടിപെട്ടത്.

സാധാരണഗതിയിൽ വാക്സിൻ നൽകുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ, പരീക്ഷണം നിർത്തിവെക്കുകയും ഇക്കാര്യം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ ഭാരത് ബയോടെക് ഇത് പാലിച്ചില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. രാജ്യത്ത് വാക്സിൻ വികസിപ്പിക്കുന്ന മറ്റു കമ്പനികളൊക്കെ വിപരീതഫലം ഉണ്ടായപ്പോൾ പരീക്ഷണം നിർത്തിവെച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്, ഇതു വകവെക്കാതെ രണ്ടും മൂന്നു ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയായിരുന്നു.

എന്നാൽ, ഈ സംഭവം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ 24 മണിക്കൂറിനുള്ളിൽ അറിയിച്ചിരുന്നതായി ഭാരത് ബയോടെക് വ്യകതമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com